This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൗണ്‍ മത്സ്യം (കോമാളി മത്സ്യം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൗണ്‍ മത്സ്യം (കോമാളി മത്സ്യം)

Clown fish

ക്ലൗണ്‍ മത്സ്യങ്ങള്‍

കടല്‍പ്പൂവി(sea anemone)ന്റെ വിഷതന്തുക്കള്‍ക്കിടയില്‍ വിഹരിക്കുന്ന വര്‍ണാഭമാര്‍ന്ന ചെറുമത്സ്യം. ചെങ്കടലും ഗ്രേറ്റ് ബാരിയര്‍ റീഫുമുള്‍പ്പെടെ ഇന്തോ-പസിഫിക് സമുദ്രങ്ങളിലെ ഉഷ്ണജല പ്രദേശങ്ങളില്‍ കണ്ടുവരുന്നു. പോമസെന്‍ട്രിഡേ (pomacentride) കുടുംബത്തിലെ ഉപകുടുംബമായ ആംഫിപ്രിയോനിനയില്‍; പ്രെംനാസ് (premnas), ആംഫിപ്രിയോണ്‍ (amphiprio) എന്നീ ജനുസുകളിലായി 30 സ്പീഷീസുകള്‍ ഉണ്ട്. സ്പീഷീസിനനുസരിച്ച് മത്സ്യശരീരം മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ വെളുത്ത പുള്ളികളോടോ വരകളോടോ കൂടി കാണപ്പെടുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ മത്സ്യത്തിന്റെ വലുപ്പം 10 മുതല്‍ 18 സെ.മീ. വരെയാണ്.

സഹജീവനത്തിന്റെ (symbiosis) ശാഖയായ, പങ്കാളികള്‍ ഇരുവര്‍ക്കും ഗുണം ലഭിക്കുന്ന, യോഗജീവിതത്തില്‍ (mutualism) ഏര്‍പ്പെട്ടിരിക്കുകയാണ് കടല്‍പ്പൂവും ക്ലൗണ്‍മത്സ്യവും. മറ്റു കടല്‍ജീവികള്‍ക്ക് കടന്നുചെല്ലാനാവാത്ത, കടല്‍പ്പൂവിന്റെ വിഷതന്തുക്കള്‍ക്കിടയില്‍ മത്സ്യത്തിന് ആഹാരവും സുരക്ഷയും ലഭിക്കുന്നു. കടല്‍പ്പൂവിന്റെ ശത്രുപരാദങ്ങളെ മത്സ്യം തിന്നൊടുക്കുന്നതിനാല്‍, കടല്‍പ്പൂവിന് അവയില്‍നിന്ന് രക്ഷ കിട്ടുന്നു. വര്‍ണശബളിതമായ മത്സ്യം ദ്രുതചലനത്തിലൂടെ മറ്റു മത്സ്യങ്ങളുടെ ശ്രദ്ധ കവര്‍ന്ന് അവയെ കടല്‍പ്പൂവിന്റെ തന്തുക്കള്‍ക്കിടയിലേക്ക് ആനയിക്കാറുണ്ട്. അങ്ങനെ കടല്‍പ്പൂവിനും ആഹാരം തരപ്പെടും. മത്സ്യത്തിന്റെ വിസര്‍ജ്യത്തില്‍ നിന്നുള്ള പോഷകങ്ങളെയും കടല്‍പ്പൂവ് ആഗിരണം ചെയ്യും.

മിക്ക മത്സ്യ സ്പീഷീസും ആതിഥേയനിഷ്ഠയുള്ളവരാണ്. കടല്‍പ്പൂവിന്റെ വിഷതന്തുക്കളെ ഉദ്ദീപിപ്പിക്കുവാന്‍ ക്ലൗണ്‍ മത്സ്യത്തിന് കഴിയാത്തതിനുള്ള കാരണം വ്യക്തമല്ല. മത്സ്യത്തെ പൊതിഞ്ഞുള്ള സ്ലേഷ്മപാളി, പ്രോട്ടീനുപകരം പഞ്ചസാര (sugar)കൊണ്ടു നിര്‍മിതമായതിനാലാവാം ഇതെന്നാണ് പൊതുവെയുള്ള നിഗമനം.

ക്ലൗണ്‍ മത്സ്യഗണത്തില്‍ ഏറ്റവും മുതിര്‍ന്ന ആണും പെണ്ണും മാത്രമേ പ്രത്യുത്പാദനം നടത്താറുള്ളൂ. അനുക്രമ ഉഭയലിംഗി (sequential hermaphrodites)കളാണിവ. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ആണിന്റെ സ്വഭാവം പ്രകടിപ്പിക്കുകയും മുതിരുമ്പോള്‍ പെണ്ണായി മാറുകയും ചെയ്യുന്ന രീതിയാണിത്. ഗണത്തിലെ മുതിര്‍ന്ന പെണ്‍മത്സ്യത്തിന് ജീവഹാനി സംഭവിച്ചാല്‍, കൂട്ടത്തില്‍ ഏറ്റവും വലുതും പ്രബലനുമായ ആണ്‍ മത്സ്യം പെണ്ണായി മാറും. താഴെയുള്ള ആണ്‍മത്സ്യങ്ങളും ഈ പിന്തുടരും.

സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കു വെളിയില്‍, പ്രത്യുത്പാദനം നടത്തിയ ആദ്യ അലങ്കാര മത്സ്യമാണിത്. അലങ്കാര മത്സ്യപ്രേമികളുടെ ആവശ്യം കണക്കിലെടുത്ത് ക്ലൗണ്‍ മത്സ്യത്തെ വന്‍ തോതില്‍ വംശവര്‍ധനവ് നടത്തുന്ന ഫാമുകള്‍ അമേരിക്കയില്‍ നിരവധി ഉണ്ട്.

(ബി. പ്രസാദ്.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍